ഇന്നത്തെ സമൂഹത്തില്‍ കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം. ഒരു സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് താഴെ കുറിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 15 ശതമാനം പേരും മാസവരുമാനത്തിന്റെ 50 ശതമാനത്തിലധികം ഇഎംഐ അടക്കുന്നവരാണ്. ഇക്കൂട്ടരില്‍ 32 ശതമാനം പേരും സ്ഥിരാവരുമാനക്കാരായ മുതിര്‍ന്ന പൗരന്മാരാണെന്നതാണ് എടുത്തുപറയേണ്ട വസ്തുത. വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് നിങ്ങളുടെ കടം എങ്കില്‍ കൂടുതല്‍ ഇഎംഐകള്‍ എടുക്കാതെ നോക്കണം.
ഒരു മാസത്തെ സ്ഥിരം ചെലവുകളില്‍ ഒരു ഭാഗം മാത്രമാണ് ഇഎംഐ. വാടക, സ്‌കൂള്‍ ഫീസ്, യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ മറ്റ് സ്ഥിരം ചെലവുകളില്‍ പെടും. എല്ലാം കൂടി നോക്കുമ്പോള്‍ വരുമാനത്തിന്റെ 70 ശതമാനത്തില്‍ കൂടുതലുണ്ടെങ്കില്‍ നിങ്ങള്‍ പതുക്കെ കടക്കെണിയിലേക്ക് നടന്നടുക്കുകയാണെന്നാണ് അര്‍ഥം. കാരണം മാസത്തിലെ മറ്റു ചെലവുകള്‍ക്കും അല്പം തുക സേവ് ചെയ്യാനും വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ആവശ്യമാണ്.
വീട്ടുചെലവ്, കുട്ടികളുടെ ഫീസ്, വാടക ഇത്തരം സാധാരണ ചെലവുകള്‍ക്ക് നിങ്ങള്‍ വായ്പയെടുക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ സാമ്പത്തിക ഭദ്രത താളം തെറ്റിയിരിക്കുകയാണ്. സര്‍വേ അനുസരിച്ച് 17 ശതമാനത്തോളം പേര്‍ ഇത്തരത്തില്‍ വായ്പ എടുക്കുന്നുണ്ട്.
നിലവിലുള്ള ലോണ്‍ വീട്ടാന്‍ പുതിയൊരു ലോണ്‍ എടുക്കുന്നത് അത്ര നല്ല കാര്യമല്ല. രാജ്യത്ത് 21.9 ശതമാനം പേരും ഇത്തരത്തില്‍ ലോണ്‍ എടുത്തിട്ടുള്ളവരാണ്. എന്നാല്‍ പലിശ കുറയാനായി മറ്റൊരു ബാങ്കിന്റെ റീഫിനാന്‍സിങ് സൗകര്യം നേടുന്നതില്‍ തെറ്റില്ല.
ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ല ശീലമല്ല. ക്രെഡിറ്റ് കാര്‍ഡ് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് ഉയര്‍ന്ന പലിശയും ഉണ്ടാകും.
ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുക എന്നതൊരു മുന്നറിയിപ്പാണ്. റീപേയ്മെന്റ് മുഴുവനായി ചെയ്യാത്തവരാണ് കൂടുതല്‍ പേരും. 21 ശതമാനം പേരും പേയ്‌മെന്റ് മുടക്കുകയോ മിനിമം തുക അടച്ച് മാസം തള്ളിനീക്കുകയോ ചെയ്യാറുണ്ട്.
ബാങ്ക് നിങ്ങളുടെ വായ്പാ അപേക്ഷ നിരാകരിച്ചോ? ഇത് മറ്റൊരു മുന്നറിയിപ്പാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കപ്പെട്ടത് എന്ന് പരിശോധിക്കണം. താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ കാരണമാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക നില തകരാറിലാകുന്നതിന്റെ സൂചനയാണിത്. 750 ന് മുകളില്‍ സ്‌കോര്‍ ഉള്ളവരെയാണ് ബാങ്കുകള്‍ക്ക് താല്പര്യം.