സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി ഇഷ്യു ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2015 ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരംഭിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന, 2022 ഓടെ എല്ലാ ഭവനവായ്പകളും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം, വ്യക്തികള്‍ക്ക് വ്യക്തിഗത വായ്പയായി കേന്ദ്രസര്‍ക്കാര്‍ 2.67 ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നുണ്ട്. പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ സിഎല്‍എസ്എസ് ഘടകം പ്രകാരം 2019 മാര്‍ച്ച് 31 ന് രാജ്യത്ത് 12,717 കോടി രൂപയുടെ സബ്സിഡിയും വിതരണം ചെയ്തതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്കും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പാര്‍പ്പിടം ഒരുക്കിക്കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ വിവിധ ഭവന പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, വരുമാനമുണ്ടെങ്കിലും ഉയര്‍ന്ന പലിശയ്ക്കും മറ്റും ഭവന വായ്പ എടുത്ത് വീടു നിര്‍മിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്കു മാന്യമായ ഭവനം ഉണ്ടാക്കിയെടുക്കല്‍ മിക്കപ്പോഴും താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിച്ചെടുക്കാന്‍ സഹായിക്കുകയാണ് ഭവന നിര്‍മാണത്തിനായി പ്രഖ്യാപിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം'.