ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍ നമ്മളല്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ലോകത്തിന്റെ പല കോണുകളില്‍ നിന്ന് കിട്ടിയതാണ്. പക്ഷേ അവയുടെ ഏറ്റവും ഫലപ്രദമായ ഉപയോക്താക്കള്‍ ഇന്ത്യക്കാരാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റിലൈസ് ചെയ്യപ്പെട്ട സമൂഹം ഇന്ത്യയിലാണെന്നത് അതിശയമല്ല. വിവര സാങ്കേതികവിദ്യ പ്രചാരത്തില്‍ വന്നപ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി അതിനെ മാറ്റിയത് രണ്ടായിരമാണ്ടിലാണ്. വാജ്പേയി സര്‍ക്കാരില്‍ ഐ.ടിക്ക് പ്രത്യേകമായി ഒരു മന്ത്രിയുണ്ടായി. അകാലത്തില്‍ ദുരന്തമരണം ഏറ്റുവാങ്ങേണ്ടിവന്ന പ്രമോദ് മഹാജനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഐ.ടി മന്ത്രി.
മനുഷ്യരാശിയുടെ നാലാംവിനിമയ ഭാഷയായി വികസിച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആശയലോകത്തുണ്ടാക്കിയ മാറ്റം ഏറ്റവും പ്രകടമായി പ്രതിഫലിച്ച രാജ്യവും ഇന്ത്യയാണ്. ഭൗതികവുംആത്മീകവുമായ ജീവിത മണ്ഡലങ്ങളില്‍ നിന്ന് ഐ.ടിയെ അകറ്റി നിര്‍ത്താന്‍ ഇന്ന് ആര്‍ക്കും ആവില്ല. കാരണം അത് മനുഷ്യന്റെ ഏറ്റവും നൂതനമായ അന്താരാഷ്ട്ര ഭാഷയാണ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ടി നിയമം ഉണ്ടായശേഷം വളരെ വേഗത്തിലാണ് യൗവനയുക്തമായ ഈ ആശയവിനിമയ ഉപാധി ഇന്ത്യയിലെ ജനങ്ങളെ പണ്ഡിത പാമരഭേദമന്യേ വശീകരിച്ചത്. കുടിവെള്ളംപോലെയും ശ്വാസഗതിപോലെയും ഐ.ടി ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡേറ്റ കണക്റ്റിവിറ്റി നല്‍കുന്ന രാജ്യവും ഇന്ത്യയാണ്. അമേരിക്കയുടെയും ഇന്ത്യയുടെയും ഒരു ജി.ബി ഡേറ്റായുടെ വില താരതമ്യപ്പെടുത്തി നോക്കുക. ഇന്ത്യയില്‍ അതിനു 18.41 രൂപയാകുമ്പോള്‍ അമേരിക്കയില്‍ അത്രയും ഡേറ്റായ്ക്ക് 840 രൂപയ്ക്ക് മുകളില്‍ ചെലവു വരും. എല്ലാ വികസിത രാജ്യങ്ങളിലും നിരക്ക് വളരെ ഉയര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയില്‍ ഉപയോഗം ഏറുന്നതനുസരിച്ച് നിരക്ക് കുറഞ്ഞ് കുറഞ്ഞ് വരുന്നു. തന്മൂലം നമ്മുടെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും ഡേറ്റാ കണക്റ്റിവിറ്റിയില്‍ ഉള്‍പ്പെട്ടവരുമാണ്. ബിസിനസിലും വിദ്യാഭ്യാസത്തിലും ആശയവിനിമയത്തിലും (മാധ്യമങ്ങള്‍) വിനോദ ഉപാധികള്‍ക്കും ഡേറ്റാ ഉപയോഗം ശീലമാക്കിക്കൊണ്ടിരിക്കുന്ന ജനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയിലല്ല, ഇന്ത്യയിലാണ്. ഇതുവഴി ജനങ്ങളുടെ നിത്യവ്യാപാരങ്ങള്‍ മുഴുവന്‍ ഡിജിറ്റല്‍ ആയിക്കഴിഞ്ഞു. ബാങ്കിങ് മേഖലയിലെ ഡിജിറ്റല്‍ ഉപയോഗം വമ്പിച്ച വ്യതിയാനങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. എല്ലാ രംഗത്തും ധനവിനിമയം വേഗത്തിലാക്കി. യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ ഫെയ്സ് (യു.പി.ഐ) വഴി ബാങ്കില്‍ നിന്ന് ബാങ്കിലേക്ക് പണം അയയ്ക്കാന്‍ ഒരു നിമിഷം മതി. യു.പി.ഐയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരാണ് 30 കോടി ഇന്ത്യക്കാര്‍. അതില്‍ 8 കോടി ആളുകള്‍ സജീവമാണ്. ഇതൊരു ലോക റെക്കോര്‍ഡാണ്. പ്രധാനമന്ത്രി ഈയിടെ പ്രഖ്യാപിച്ച കാര്‍ഷിക സഹായപദ്ധതിവഴി ഓരോ കൃഷിക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ നിമിഷ നേരംകൊണ്ട് എത്തിയത് ഈ വഴിയാണ്. ജനധന്‍ ബാങ്ക്, ആധാര്‍, മൊബൈല്‍ എന്നിവ ചേര്‍ന്ന 'ജാം' ഭാരതീയ ജീവിതത്തെ അടിമുടി മാറ്റിക്കൊണ്ടിരിക്കുന്നു. നോട്ട് നിരോധനവും നികുതി സമ്പ്രദായ പരിഷ്‌കരണവും പ്രാബല്യത്തില്‍ വന്നപ്പോള്‍ ഡേറ്റാ ഉപയോഗം നൂറ് ഇരട്ടിയായി വര്‍ദ്ധിച്ചു. ഇതുവഴി സമയനഷ്ടവും ധനദുര്‍വ്യയവും കുറഞ്ഞു. കാലത്തിന്റെ വേഗതയ്ക്കനുസരിച്ച് നിത്യജീവിതം ക്രമപ്പെടുത്താനും ആഹ്ലാദപൂര്‍ണ്ണമാക്കാനും അവനവന്റെ കഴിവനനുസരിച്ച് പറ്റും എന്ന് വന്നു.