ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ്
ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം കേരളത്തിന് കരുത്തു പകരും.
