ലണ്ടന്‍: കൊറോണവൈറസ് വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമാവുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അമേരിക്കയേയും യൂറേപ്യന്‍ രാജ്യങ്ങളേയും വലിയതോതില്‍ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചേക്കാം എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടില്‍ മരണ സംഖ്യ അഞ്ച് ലക്ഷം കടന്നേക്കാം എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസന്റെ നേതൃത്വത്തിലുള്ള പഠനമാണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു സാധ്യത മുന്നോട്ട് വയ്ക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ…
നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍
കൊറോണ വൈറസ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്നാണ് പഠന റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. പ്രശ്‌നം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ മരണം 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും കടന്നേക്കും എന്നാണ് പഠനം പ്രവചിക്കുന്നത്.
ഇറ്റലിയിലെ രോഗവ്യാപനത്തെ മുന്‍നിര്‍ത്തിയാണ് ഇവരുടെ പഠനം.
1918 ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മാരകമായ പനിയുമായാണ് ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനത്തെ ഇവര്‍ താരതമ്യം ചെയ്യുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു 'സ്പാനിഷ് ഫ്‌ലൂ' എന്നറിയപ്പെടുന്ന ഈ പകര്‍ച്ച പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എന്നത് ഞെട്ടിപ്പിക്കുന്നതാണ്.