പ്യോംഗ്യാംഗ്: ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നിർത്തിവെയ്ക്കുകയാണെന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ തീരുമാനത്തെ ആവേശത്തോടെ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയക്കും ലോകത്തിനു തന്നെയും വളരെ നല്ല വര്ത്തയാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ശനിയാഴ്ച മുതല്‍ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തറകള്‍ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയുമാണെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയില്‍ നടത്തിയ വിന്റര്‍ ഒളിമ്പിക്സാണ് ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനു വഴിതെളിച്ചത്.
ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിര്‍ത്തിവയ്ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. എന്നാൽ യുഎസില്‍ ചെന്നെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് യുഎസിനെ പ്രകോപിപ്പിച്ച ഉത്തരകൊറിയയുടെ മനം മാറ്റം ആവേശത്തോടെയാണ് ഡോണള്‍ഡ് ട്രംപ് വരവേറ്റത്. യുഎസ്-ഉത്തരകൊറിയ ഉച്ചകോടിയുമായി മുന്നോട്ടുപോകാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ആണവനിരായുധീകരണത്തിന് സന്നദ്ധമാണെന്ന് നേരത്തെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. കൊറിയന്‍ യുദ്ധത്തിനുശേഷം അമേരിക്ക ദക്ഷിണകൊറിയയില്‍ നിലനിര്‍ത്തിയിട്ടുള്ള സൈനികരെ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ഉപാധികളൊന്നും വയ്ക്കാതെ നിരായുധീകരണ ചര്ച്ചയാവാമെന്നാണു പ്യോഗ്യാംഗ് സമ്മതിച്ചിട്ടുള്ളത്. വിന്റര്‍ ഒളിമ്പിക്സിന് എത്തിയ കിമ്മിന്റെ സഹോദരി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണുമായി കൂടിക്കാഴ്ച നടത്തി. ഇരുകൊറിയകളും തമ്മില്‍ ഉച്ചകോടി നടത്തണമെന്ന നിര്‍ദേശം ഇതെത്തുടര്ന്നുണ്ടായി. കിമ്മും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ മറ്റൊരു ഉച്ചകോടിയും ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടു ചെയ്തു.
മേയിലോ ജൂണിലോ ഉച്ചകോടി നടക്കുമെന്നു പ്രസിഡന്റ് ട്രംപ് ഈയിടെ സ്ഥിരീകരിച്ചു. ഉച്ചകോടിക്കു മുന്നോടിയായി ഇരുകൊറിയകളുടെയും നേതാക്കള്‍ തമ്മില്‍ പ്രത്യേക ഹോട്ട് ലൈന്‍ സ്ഥാപിച്ചു. കിം ജോംഗ് ഉന്നിനും മൂണ്‍ ജേ ഇന്നിനും നേരിട്ടു ടെലഫോണില്‍ സംസാരിക്കാന്‍ സൗകര്യമൊരുക്കുന്ന ഇത്തരമൊരു ഹോട്ട് ലൈന്‍ സ്ഥാപിക്കുന്നത് ആദ്യമാണ്. ഇരുകൊറിയകളും തമ്മില്‍ അടുത്തയാഴ്ച നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് ഉത്തരകൊറിയയുടെ സമാധാന നീക്കം. അടുത്ത വെള്ളിയാഴ്ച യാണ് ഇരുകൊറിയകളുടെയും അതിര്‍ത്തിയിലുള്ള പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ഉച്ചകോടി നടക്കുന്നത്. സിയൂളിലെ പ്രസിഡന്‍ഷ്യല്‍ ബ്ലൂ ഹൗസിനെയും പ്യോഗ്യാംഗിലെ സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷന് ഓഫീസിനെയും ബന്ധിപ്പിച്ചു സ്ഥാപിച്ച ഹോട്ട് ലൈനിന്റെ ടെസ്റ്റിംഗ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. കമ്മീഷന്റെ മേധാവിയാണു കിം ജോംഗ് ഉന്‍.