വാഷിങ്ടണ്‍: ഇറാനില്‍നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക. കഴിഞ്ഞ മാസമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവ ഇടപാടില്‍നിന്ന് പിന്‍വാങ്ങി ആ രാജ്യത്തിനെതിരെ ഉപരോധം പുനഃസ്ഥാപിച്ചത്. ഈ വേളയില്‍, വിദേശ കമ്പനികള്‍ ഇറാനുമായുള്ള വ്യാപാരം 90 മുതല്‍ 180 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
വ്യാപാരത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇൗ കാലാവധി നിശ്ചയിച്ചിരുന്നത്. ഇറാന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കലാണ് യു.എസ് ലക്ഷ്യം. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും നിര്‍ത്തണം. ഇല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് ഭീഷണി. ഇറാഖും സൗദിയും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാന്. 2017 ഏപ്രിലിനും 2018 ജനുവരിക്കുമിടയില്‍ ഇറാന് 18.4 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണ വിതരണം ചെയ്തിട്ടുണ്ട്.