ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും. എന്നാല്‍ പുതിയ നിയമം വിദേശത്ത് മക്കളെ പഠിപ്പിക്കാന്‍ ചേര്‍ക്കുന്നവരെയും ബാധിക്കും.
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം മുഖേന നടത്തുന്ന ഇടപാടുകള്‍ക്കാണ് പാന്‍ നിര്‍ബന്ധമാക്കിയത്. എല്‍ആര്‍എസ് അനുസരിച്ചുള്ള പരിധിക്കുകൂടുതല്‍ തുക വിദേശത്ത് നിക്ഷേപിക്കാനും ഓഹരികള്‍ വാങ്ങാനും തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെയാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ കര്‍ശനമാക്കിയത്. നിയമവിരുദ്ധമായ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്.
ഇതോടെയാണ് പാന്‍ നിര്‍ബന്ധമാക്കി എല്ലാ ഇടപാടുകളും നിരീക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതും. 2004-ല്‍ എല്‍ആര്‍എസ് ആരംഭിച്ചതുതന്നെ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍നിന്ന് രക്ഷിതാക്കള്‍ക്ക് പണം അയക്കാനുള്ള ഉദാരമായ വഴിയെന്ന നിലയിലാണ്. 25,000 പൗണ്ടുവരെയുള്ള കറന്റ് അക്കൗണ്ട് ഇടപാടുകള്‍ക്ക് നിലവില്‍ പാന്‍ നിര്‍ബന്ധമാക്കിയിരുന്നില്ല.