മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 76 ശതമാനം വോട്ടെണ്ണിയപ്പോള്‍ ലിബറല്‍ പാര്‍ട്ടി നേതാവ് മോറിസണ്‍ നേതൃത്വം നല്കുന്ന ഭരണസഖ്യത്തിന് 75 സീറ്റുകള്‍ ലഭിച്ചു. നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പായതോടെ ലിബറല്‍ പാര്‍ട്ടി നേതാവായ മോറിസണ്‍ അധികാരത്തിലെത്തും. 76 ശതമാനത്തിലേറെ വോട്ടെണ്ണിയപ്പോള്‍ ലിബറല്‍ -നാഷണല്‍ സഖ്യത്തിന് 75 സീറ്റും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റുമാണ് ലഭിച്ചത്. ഇതുവരെ 41.4 ശതമാനം വോട്ടുകളാണ് മോറിസണിന്റെ സഖ്യം നേടിയത്. ലേബര്‍ പാര്‍ട്ടിക്ക് 33.9 ശതമാനം വോട്ടും ലഭിച്ചു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മോറിസണിന്റെ ലിബറല്‍ -നാഷണല്‍ പാര്‍ട്ടി സഖ്യത്തിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് ബില്‍ ഷോര്‍ട്ടന്‍ ലേബര്‍പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെച്ചു. ഒട്ടേറെ രാഷ്ട്രീയ അട്ടിമറികള്‍ പ്രതീക്ഷിച്ച ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംതവണയും സ്‌കോട്ട് മോറിസണ്‍ തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന് ഉറപ്പായി.