കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി പുറത്തു വരുന്നത്.
കൊറോണയെ പോലെ തന്നെ ലോകത്തെയാകെ പിടിച്ചുകുലുക്കിയ വായുവിലൂടെ പകരുന്ന സാര്‍സ് എന്ന രോഗവും കൊറോണ വൈറസും തമ്മില്‍ എന്തെങ്കിലും സാമ്യതകളുണ്ടോ എന്ന് ലോകത്തിലെ പല സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിവരുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ്-19 രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് ചില പ്രതലങ്ങളില്‍ ദിവസങ്ങളോളമോ വായുവില്‍ മണിക്കൂറുകളോളമോ നിലനില്‍ക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ പഠനങ്ങള്‍ പുറത്തു വരികയാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, ചെമ്പില്‍ നാല് മണിക്കൂര്‍ വരെയും പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ രണ്ട് മൂന്ന് ദിവസം വരെയും കാര്‍ഡ്ബോര്‍ഡില്‍ 24 മണിക്കൂര്‍ വരെയും കൊറോണ വൈറസുകളെ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.