ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്.
ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന രൂപത്തില്‍ ചിത്രങ്ങളോ കൊടി തോരണങ്ങളോ അലങ്കരിക്കരുത്. കാറുകളുടെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെയും ജനലുകളിലൂടെയും ശരീരം പുറത്തേക്കിട്ടാല്‍ ശക്തമായ ശിക്ഷ ലഭിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഒരു കാരണവശാലും രാജ്യത്തെ ഗതാഗത നിയമങ്ങള്‍ ലംഘിക്കരുത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് കര്‍ശന നിരീക്ഷണങ്ങള്‍ തുടരും. റോഡുകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യമാറകള്‍വഴി നിയമലംഘകരെ പിടികൂടി കടുത്ത ശിക്ഷ നല്‍കും.ആഘോഷങ്ങള്‍ക്കിടയിലും സുരക്ഷാ സംവിധാനങ്ങളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.
ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനാഘോഷം.