ജിദ്ദ: പരീക്ഷണാടിസ്ഥാനത്തില്‍ ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു. ഉപഹാരങ്ങള്‍ നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. സൗദി എയര്‍ലൈന്‍സിന് കീഴില്‍ ഏകദേശം 200 ഉദ്യോഗസ്ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട് സര്‍വീസിന് കീഴിലെ കമ്പനികളും ആവശ്യമായ ആളുകളെ ഒരുക്കിയിരുന്നു. ആറ് ഗേറ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ആദ്യ പരീക്ഷണഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാംഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. അല്‍ഖുറയ്യാത്തില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി ഇറങ്ങിയത്. വിമാനം പിന്നീട് യാത്രക്കാരുമായി അല്‍ ഖുറയ്യാത്തിലേക്ക് തന്നെ മടങ്ങി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന ഘട്ടത്തില്‍ 46 കവാടങ്ങളിലൂടെയും ആഭ്യന്തര വിദേശ വിമാനങ്ങളെ സ്വീകരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി പറഞ്ഞു.
വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 100 ദശലക്ഷം യാത്രക്കാര്‍ സ്വീകരിക്കാന്‍ കഴിയും. വിഷന്‍ 2030 ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹഖീം മുഹമ്മദ് തമീം പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകളെ സ്വീകരിക്കും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് മൂന്നാംഘട്ടം. ഈ ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര വിമാനങ്ങളെയും സ്വീകരിക്കും.