സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കിം ഹ്യോക് ചോല്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ദക്ഷിണകൊറിയന്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ട്രംപ്- കിം ഉച്ചകോടി നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഉച്ചകോടി പരാജയപ്പെട്ടതിന് സുപ്രിം ഭരണാധികാരിയെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തിയാണ് കിം ഹ്യോക് ചോലിനെയും മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥരെയും വധിച്ചതെന്ന് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മിര്‍മിം വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ചിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉച്ചകോടിക്ക് വേണ്ടിയുള്ള നടപടികള്‍ കൈകാര്യം ചെയ്തിരുന്നത് കിം ഹ്യോക് ചോല്‍ ആയിരുന്നു. ഭരണാധികാരി കിം ജോങ് ഉന്നിനെ ഹാനോയിലേക്കുള്ള പ്രത്യേക ട്രെയിനില്‍ കിം ഹ്യോക് ചോല്‍ അനുഗമിക്കുകയും ചെയ്തിരുന്നു.