ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. യാത്രക്കാര്‍ എയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന 'നെക്സ്റ്റ് ജനറേഷന്‍ ബോര്‍ഡേഴ്‌സ്' വിവരങ്ങള്‍ പാസ്‌പോര്‍ട്ട് കണ്ട്രോള്‍ ഓഫീസര്‍ക്ക് കൈമാറും.
തുടര്‍ന്ന് അവശ്യമായ പരിശോധനയ്ക്ക് ശേഷം പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നടത്തി നല്‍കുകയാണ് പതിവ്. മൂന്ന് മിനിട്ടിലാണ് ഈ പരിശോധനകള്‍ നടന്നിരുന്നത്. ഇപ്പോള്‍ പാസ്‌പോര്‍ട്ട് 10 സെക്കന്‍ഡില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കും. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡയറക്ടര്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാങ്ക്വറ്റിയാണ് ഇക്കാര്യമറിയിച്ചത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ദുബൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇത് നടപ്പിലാക്കുമെന്ന് ജി ഡി ആര്‍ എഫ് എ അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ല്‍ ഈ സംവിധാനം ഇതിനകം പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ട്.