പാരീസ്: റഫാല്‍ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേനയുടെ ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലുള്ള ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ അജ്ഞാതന്റെ ശ്രമം. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം നടന്നതായി വിമാന നിര്‍മ്മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ദസ്സോയില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജ്കട് മാനേജ്മെന്റ് സംഘമാണ് പാരീസിലുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള വ്യോമസേന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാള്‍ അതിക്രമിച്ചു കയറിയത്. ഓഫീസില്‍ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നാണ് വ്യോമസേന വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ പ്രതികരിച്ചിട്ടില്ല.
പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ വ്യോമസേനാ ഓഫീസിലുണ്ടായ ഈ കടന്നു കയറ്റം മോഷണശ്രമമോ അല്ലെങ്കില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്താനുള്ള ശ്രമമോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ ദസാള്‍ട്ടിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ ഇന്ത്യയില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വ്യോമസേനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്.