കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. ഹസാരകൾക്കു പുറമേ കച്ചവടക്കാർ, സൈനികർ, സിവിലിയന്മാർ എന്നിവരും ദുരന്തത്തിനിരയായി.
ഒരു കടയിലെ ഉരുളക്കിഴങ്ങു ചാക്കിൽ വച്ചിരുന്ന ബോംബാണു രാവിലെ ഏഴരയോടെ പൊട്ടിത്തെറിച്ചത്. സമീപത്തെ പല കടകൾക്കും നാശമുണ്ടായി.
ക്വറ്റയിലെ ഭീകരാക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ഹസാരകൾക്കു നേരെ ഇതിനുമുമ്പ് പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. താലിബാനാണ് മിക്ക ആക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത്.