ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി എംപിക്കെതിരേ വിമര്‍ശനവുമായി ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഒരു സ്ത്രീ ഏതു വസ്ത്രം ധരിക്കണം എന്നതിനെക്കുറിച്ച് മറ്റാരും വേവലാതിപ്പെടേണ്ടതില്ലെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്ക് കാര്യമായ ചികിത്സ ആവശ്യമാണെന്നും മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു. ഈ ആധുനിക യുഗത്തിലും പുരുഷമേധാവിത്വവും, സ്ത്രീവിരുദ്ധതയും വെളിപ്പെടുത്തുന്നത് നാണക്കേടാണെന്നും അവര്‍ പറഞ്ഞു. ബിജെപി നേതാവ് ഹരീഷ് ദ്വിവേദിയാണ് പ്രിയങ്കയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. രാഹുല്‍ പരാജയപ്പെട്ടു. ഇതേപോലെതന്നെ പ്രിയങ്കയും പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുന്പോള് മാത്രം സാരിയും സിന്ദൂരവും അണിയും- എന്നിങ്ങനെയായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.
ഇത് ആദ്യമായല്ല ബിജെപി നേതാക്കള്‍ പ്രിയങ്കയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ നേതാക്കളില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചോക്ലേറ്റ് നേതാക്കളെ ഇറക്കുന്നു എന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പരിഹസിച്ചിരുന്നു. പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തില്‍ നേട്ടവും കഴിവും ഇല്ലെന്നുമായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാവണനും സഹോദരി പ്രിയങ്ക ശൂര്‍പ്പണകയുമാണെന്നാണ് റോഹാനിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് ആക്ഷേപിച്ചത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി അടുത്തിടെ പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചിരുന്നു. മോദിയുടെ വാരാണസി ഉള്‍പ്പെടുന്ന ഉത്തര യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്കു നല്‍കിയിട്ടുള്ളത്.