യുഎഇ: യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍ നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്താന്‍ അനുമതി.
യുഎഇയില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് രാജ്യത്തിന് പുറത്തു നിന്ന് ചെയ്യുന്ന പരസ്യങ്ങള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും, ലൈസന്‍സില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാല്‍ അയ്യായിരം ദിര്‍ഹം പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്യും. വീണ്ടും നിയലംഘനം ആവര്‍ത്തിച്ചാല്‍ പ്രസ്തുത സോഷ്യല്‍ മീഡിയ അക്കൗണ്ടോ, വെബ്‌സൈറ്റോ നിരോധിക്കും.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ബ്രാന്‍ഡുകള്‍ തുടങ്ങിയവയാണ് പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. പതിനയ്യായിരം ദിര്‍ഹമാണ് ഇതിനുള്ള ഇ മീഡിയ ലൈസന്‍സ് ഫീ. സ്വന്തമായി ട്രേഡ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഇ മീഡിയ ലൈസന്‍സ് അനുവദിക്കുക. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടാണ് NMCയുടെ നടപടി.