വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി പ്രസവിച്ചത്.യുവതി ഗര്‍ഭിണിയായിരുന്ന വിവരം തങ്ങളും അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്.
യുവതിയുടെ ഞരക്കം കേട്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ യുവതി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇത് ജീവനക്കാരുടെ വീഴ്ചയാണെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍.
ഒരു അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 14വര്‍ഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്. ഇവര്‍ക്ക് എപ്പോഴും പരിചരണം ആവശ്യമായതിനാല്‍ നിരവധി ജീവനക്കാരാണ് യുവതിയെ പരിചരിച്ചിരുന്നത്. അതുകൊണ്ട് തന്നെ യുവതിയെ പീഡിപ്പിച്ചവരെ ഇതുവരെയും പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസിന് എല്ലാവിധത്തിലുമുള്ള പിന്തുണയും നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഖേദം അറിയിച്ചുകൊണ്ടായിരുന്നു ആശുപത്രി അധികൃതരുടെ പിന്തുണ. അതേസമയം ആശുപത്രിയില്‍ മുന്‍പും രോഗികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ഇത്തരത്തിലെ ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് ആശുപത്രിക്ക് 2013ല്‍ മെഡിക്കല്‍ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു.