കറുത്തമുത്തിലെ ബാലമോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത് പെട്ടെന്നായിരുന്നു. നിഷ്‌കളങ്കതയും സ്വാഭാവകമായ അഭിനയശൈലിയുമാണ് അക്ഷര കിഷോറിനെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സഹായിച്ചത്. അക്ഷര കറുത്തമുത്തിലേക്ക് എത്തിയതിന് പിന്നാലെ സീരിയലിന്റെ റേറ്റിങ്ങ് കുതിച്ചുയര്‍ന്നിരുന്നു. 2015 മുതല്‍ 2017 വരെ ബാലമോളായി തകര്‍ത്തഭിനയിച്ച അക്ഷര ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സ്വാമി അയ്യപ്പനില്‍ മല്ലിയായി എത്തിയിരിക്കുകയാണ്.
2014 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് അക്ഷര സിനിമാരംഗത്തേക്ക് വരുന്നത്. നിരവധി പരസ്യചിത്രങ്ങളിലും അക്ഷര വേഷമിട്ടു. പിന്നീടാണ് അക്ഷരയ്ക്ക് ബാലമോളാകാന്‍ അവസരം കിട്ടിയത്. പിന്നീട് അക്ഷരയെ തേടി നിരവധി സിനിമാഅവസരങ്ങള്‍ ലഭിച്ചു. കനല്‍, വേട്ട, ആടുപുലിയാട്ടം, ഡാര്‍വിന്റെ പരിണാമം തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ തന്റെ പത്ത് വയസ്സിനുള്ളില്‍ അക്ഷര അഭിനയിച്ചു. സിനിമയില്‍ സജീവമായ അക്ഷരയെ പിന്നീട് മിനിസ്‌ക്രീനില്‍ അധികം കണ്ടിരുന്നില്ല. ഇപ്പോള്‍ സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പന്റെ സുഹൃത്തായ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അക്ഷര വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തിയിരിക്കുന്നത്. മല്ലിയുടെ കഥ പറഞ്ഞുതുടങ്ങിയതോടെ സീരിയലിന്റെ റേറ്റിങ്ങും ഉയര്‍ന്നിരിക്കയാണ്.
കണ്ണൂര്‍ സ്വദേശിനിയാണ് അക്ഷര എങ്കിലും സകുടുംബം ഇപ്പോള്‍ അക്ഷര എറണാകുളത്താണ് താമസിക്കുന്നത്. ആര്‍കിടെക് കിഷോര്‍ കുമാറിന്റെയും ബാങ്ക് ഉദ്യോഗസ്ഥ ഹേമപ്രഭയുടെയും മകളായ അക്ഷരയ്ക്ക് അഖില എന്ന ഒരു ചേച്ചികൂടിയുണ്ട്. രണ്ടായിരത്തി എട്ടിലെ വിജയദശമി ദിനത്തില്‍ കണ്ണൂരാണ് അക്ഷര ജനിച്ചത്. അതുകൊണ്ടാണ് അക്ഷര എന്ന് പേര് മാതാപിതാക്കള്‍ കുട്ടിക്ക് നല്‍കിയത്. കാച്ചിയിലെ ഭവന്‍സിലാണ് അക്ഷര പഠിക്കുന്നത്.