പെരിയ: കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) എന്നീ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ പ്രത്യേകയോഗം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കല്ല്യോട്ട് കൊലപാതകത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ ഫെബ്രുവരി 26ന് ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിലും അതിനുശേഷം ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍, ഡിവൈഎസ്പി തുടങ്ങിയ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തീരുമാനമാകത്തതിനാലാണ് ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കളുടെ യോഗം ജില്ലാ കളക്ടര്‍ പ്രത്യേകം വിളിച്ചുചേര്‍ത്തത്.
കല്ല്യോട്ട് പ്രദേശത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ ഇരുപാര്‍ട്ടികളുടെയും സംയുക്തയോഗം ശക്തമായി അപലപിച്ചു. നാടിന്റെ സമാധാനവും സൗഹൃദ അന്തരീക്ഷവും നിലനിര്‍ത്തുന്നതിനായി പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ട് നിയമപരമായ നടപടികള്‍ക്കായി ഏവരും ശ്രമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള അക്രമസംഭവങ്ങളും ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതല്‍ എല്ലാവരുടെ ഭാഗത്തുനിന്നുമുണ്ടാകും. പോലീസിന്റെ ഇടപെടല്‍ നിഷ്പക്ഷവും നീതിപൂര്‍വവുമാക്കി സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനു പൂര്‍ണ്ണസഹകരണം ഇരുപാര്‍ട്ടി നേതാക്കളും വാഗ്ദാനം ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊള്ളുന്ന പുല്ലൂര്‍-പെരിയ പഞ്ചായത്ത് തലത്തില്‍ ഇരുപാര്‍ട്ടികളുടേയും പ്രാദേശികതലത്തിലെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേകയോഗം ചേരുവാനും തീരുമാനിച്ചു. പരസ്പരം വിശ്വാസം വളര്‍ത്തുവാനുള്ള നടപടികള്‍ ഉണ്ടാക്കും. ഇതിനോട് അനുബന്ധമായി ജില്ലാ കളക്ടര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇരുപാര്‍ട്ടികളും പാര്‍ട്ടിതലത്തില്‍ ചര്‍ച്ചചെയ്തു തീരുമാനം അറിയിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കി.
കല്ല്യോട്ട് പ്രദേശത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഈ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി ഇരുപാര്‍ട്ടികളുടേയും പ്രാദേശിക തലത്തിലെ മൂന്നു നേതാക്കളെ വീതം ഉള്‍പ്പെടുത്തി ആറംഗ കമ്മിറ്റി രൂപികരിക്കും. സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് കല്ല്യോട്ട് സ്ഥാപിക്കും. ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശക്തമായ നിയമനടപടികള്‍ക്കു വിധേയമാക്കി സമാധാന അന്തരീക്ഷത്തിലേക്കു കൊണ്ടുവരും. നിസാരപ്രശ്‌നങ്ങള്‍ പര്‍വതീകരിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കുവാന്‍ പോലീസിനു നിര്‍ദേശം നല്‍കി. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ സഹായിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കല്യോട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെയും മുന്നാട് പീപ്പിള്‍സ് കോളേജിലേയും അധ്യാപക രക്ഷകര്‍ത്തൃ സമിതി പ്രതിനിധികളുടേയും ജീവനക്കാരുടെയും അടിയന്തര യോഗം വിളിക്കും. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, കെ.പി സതീഷ് ചന്ദ്രന്‍, ഹക്കിംകുന്നില്‍, എ.ഗോവിന്ദന്‍നായര്‍, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Related Post
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍
പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പന്നിയൂര്‍ സ്വദേശി ഷംസീര്‍ (31), ശ്രീകണ്ഠപുരം സ്വദേശി ഗുരുക്കളകത്ത് അസീസ്…
നല്ല ആരോഗ്യ ശീലങ്ങള്‍ പങ്ക് വെച്ച് മടിക്കൈയില്‍ 'നാട്ടു പയമ'
കാഞ്ഞങ്ങാട്: ക്ഷേത്ര പരിസരത്തെ ആല്‍മരച്ചോട്ടില്‍ അവര്‍ ഒത്തു ചേര്‍ന്നു, 'പകര്‍ച്ചവ്യാധികളെ പടിക്കു പുറത്താക്കു' മെന്ന ദൃഡപ്രതിജ്ഞ ചെയ്യാന്‍. പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗ്ഗങ്ങളും നല്ല ആരോഗ്യ ശീലങ്ങളും ചര്‍ച്ച…