തൊടുപുഴ; അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക് നല്‍കി. ഒരു മാസത്തേക്കാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കുന്നത്. ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഏഴു വയസുകാരന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന അമ്മ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കാട്ടി മുത്തച്ഛന്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കും. കുട്ടി തിരുവനന്തപുരത്ത് കഴിയുന്ന ഒരു മാസം പൊലീസും ശിശുസംരക്ഷണമിതിയും നിരീക്ഷിക്കും. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ മാറ്റും.
ജയിലില്‍ കഴിയുന്ന പ്രതി അരുണ്‍ ആനന്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയോട് ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂന്തുറ എസ്.ഐ ഇടയ്ക്ക് നിരീക്ഷണം നടത്തണം. അച്ഛന്റെ വീട്ടുകാര്‍ കുട്ടിയെ നന്നായാണ് സംരക്ഷിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് സമിതി തിരുവനന്തപുരം യൂണിറ്റിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏഴു വയസുകാരന്‍ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമായി മര്‍ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുകയായിരുന്നു.