ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ ഇരുപത്തിയഞ്ചിലധികം പേര്‍ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകള്‍ സ്ഥലത്ത് നിന്നും കണ്ടെത്തി.
അതേസമയം, ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.
എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാര്‍ നാഗംകുളങ്ങര കവലയില്‍ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ക്കു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസില്‍ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.
ഇന്നലെ ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.