തിരുവന്തപുരം: യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ട ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കെ.എസ്.ഐ.എന്‍.സി.ക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രതിപക്ഷാരോപണത്തിനു പിന്നാലെയാണ് നടപടി. കരാറില്‍ ഏര്‍പ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരാര്‍ റദ്ദാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍. പ്രശാന്താണ് ധാരണ പത്രത്തില്‍ ഒപ്പു വെച്ചത്. എന്നാല്‍ ഇത് വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തെളിവു സഹിതം ഉന്നയിച്ച ആരോപണങ്ങNാണ് ഇപ്പോള്‍ കരാര്‍ റദ്ദാക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീണ്ടതോടെ വിഷയം കൂടുതല്‍ ഗൗരവമായി. ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവന്‍ ഇ. ഗെരന്‍സര്‍, മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇ.എം.സി.സി.യുടെ പ്രസിഡന്റ് ഷിജു വര്‍ഗീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഷിബു വര്‍ഗീസ് ആദ്യം പറഞ്ഞിരുന്നത്. ഇ.എം.സി.സി.യുടെ വിശദാംശങ്ങള്‍ തേടി വിദേശകാര്യമന്ത്രാലയത്തിന് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്തും ചെന്നിത്തല പുറത്തുവിട്ടു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ വിവാദം ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നു.