കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചു കൂടുകയും കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കുകയും ചെയതു. ഒരു പ്രവര്‍ത്തകന്‍ പുതുപ്പള്ളിയിലെ വീടിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
വീടിന് പുറത്ത് വനിതാപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എ യുമായ കെ.സി. ജോസഫും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യം ഇല്ലെന്നും നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് കൊണ്ട് ഭരണം യുഡിഎഫിന് കിട്ടുമോയെന്നും ജോസഫ് ചോദിച്ചു. 50 വര്‍ഷമായി പുതുപ്പള്ളിയിലെ എംഎല്‍എയാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഭരണം കിട്ടാന്‍ എല്ലാ മണ്ഡലത്തിലും ചെന്ന് ഉമ്മന്‍ചാണ്ടി പ്രചരണം നടത്തേണ്ട സാഹചര്യം ഉണ്ട്. അദ്ദേഹം സ്വതന്ത്രനായിരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇത്തവണ താന്‍ മത്സരിക്കാന്‍ ഇല്ലെന്നും നേമം മണ്ഡലത്തിന് എന്താണ് ഇത്ര പ്രാധാന്യമെന്നും കെ.സി. ജോസഫ് ചോദിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയ ഉമ്മന്‍ചാണ്ടി വീട്ടിലേക്ക് ഉടന്‍ എത്തും. അദ്ദേഹത്തിന് വന്‍ വരവേല്‍പ്പ് നല്‍കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയെ നേമത്ത് വിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുത്താല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ബിജെപി ജയിച്ച മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വരുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫില്‍ നേരത്തേ ഉയര്‍ന്നിരുന്നു.