തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആകും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണ്ണയം നടത്തിയത്.
എസ്എസ്എല്‍സിക്കൊപ്പം ടിഎച്ച്‌സ്എല്‍സി, ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്.
ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം.
1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in
ഫലം പി ആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും അറിയാനാകും. എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും. ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും.
2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാര്‍ച്ച് പതിമൂന്നിന് മുതല്‍ 28 വരെ ആയിരുന്നു എസ്.എസ്.എല്‍.സി. പരീക്ഷകള്‍ നടന്നത്.
കുട്ടികളുടെ ഫലത്തിനു പുറമേ, സ്‌കൂള്‍, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്സ് എന്നിവയും ആപ്പിലും പോര്‍ട്ടലിലും മൂന്നുമുതല്‍ ലഭിക്കും. റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്കില്‍ ഇതുണ്ടാവും. കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11769 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.സി.എസ്.ഇ. പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.