കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്. കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളില്‍ നടന്ന റെയിഡിന് പിന്നാലെയാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും എന്‍ഐഎ പറയുന്നു.
കേരളത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിലും ഡല്‍ഹിയില്‍ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തില്‍ റെയിഡുകള്‍ നടന്നത്. റെയിഡില്‍ ലാപ്പ്‌ടോപ്പ്, മൊബൈല്‍ , സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ ഏഴ് പേരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്.