തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ റേഖപ്പെടുത്തണമെന്നാണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇത് അംഗീകരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിച്ചത്.
മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താലൂക്ക് തലം വരെ ഉള്‍പ്പെടുത്തിയുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള നടപടി വേണമെന്നും കോഴിക്കോട് ഡോപ്‌ളാര്‍ റഡാര്‍ സ്ഥാപിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാലാവസ്ഥ നിരീക്ഷണം കൃത്യവും വിപുലവുമാക്കാനായി സംസ്ഥാനത്തെ കാലാവസ്ഥ മാപിനികളുടെ എണ്ണം നൂറായി ഉയര്‍ര്‍ത്താന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 35 കാലാവസ്ഥാ മാപിനികള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഒരു ഉദ്യോസ്ഥനെങ്കിലും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുന്നു.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.