തിരുവനന്തപുരം: ഓട്ടോടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണയായി. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നവംബര്‍ പത്തിന് മുന്‍പ് നിരക്ക് വര്‍ധന ഉണ്ടാകും. ഇതെ തുടര്‍ന്ന് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഒക്ടോബര്‍ 31ന് നടത്താനിരുന്ന പണിമുടക്ക് പത്ത് ദിവസത്തേയ്ക്ക് കൂടി മാറ്റിവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.നവംബര്‍ പത്തിനു ചേരുന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ഓട്ടോ കുറഞ്ഞ നിരക്ക് 12രൂപയില്‍ നിന്ന് 15 രൂപയാക്കിയും കിലോമീറ്ററിന് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായും ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
ടാക്‌സി ചാര്‍ജ് 60 രൂപയില്‍ നിന്നും 100 രൂപയാക്കിയും ഉയര്‍ത്തും. കിലോമീറ്ററിന് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായും ഉയര്‍ത്തും. എസി കാറുകള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 10ശതമാനം വര്‍ധനയുണ്ടാകും.
ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി യൂണിയനുകള്‍ സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സമരം താത്കാലികമായി പിന്‍വലിയ്ക്കാന്‍ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.
