ആലപ്പുഴ : സംസ്ഥാനത്ത വേനല്‍ കടുക്കുമ്പോള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയവും, ആലപ്പുഴയും പൊള്ളുന്നു. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. സാധാരണയായി പുനലൂര്‍, പാലക്കാട് ജില്ലകളിലാണ് ചൂട് കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ രണ്ട് ജില്ലകളിലും പതിവിലും ഒരു ഡിഗ്രി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളം കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടുകയും, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
നിലവിലുള്ള അവസ്ഥയ്ക്ക് ഈ മാസം അവസാനം മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും, നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.