കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്. പിഴ ശിക്ഷയുമുണ്ട്. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിമിനെ വെറുതെ വിട്ടിരുന്നു.
