തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്തെന്ന് ടീക്കാറാം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്തംഗമാണ്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്നും മീണ പറഞ്ഞു.
വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം.
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപണം ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത് . ചെയ്തത് ഓപ്പണ്‍ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിക്കുകയും ചെയ്തിരുന്നു.