കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.
ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത് നേതാവ് സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി.
കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു.
കേസെടുത്ത് അന്വേഷിക്കാനാണ് എൻഐഎയുടെ നീക്കം. കഴിഞ്ഞ ദിവസം, കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.
നാഷണൽ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികൾ എൻഐഎയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.
