കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയതുള്ളതായ വസ്ത്രങ്ങള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ വീടിന് സമീപത്തു ഇരുനൂറ് മീറ്റർ അകലെയുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി പഞ്ചായത്ത് അംഗം ഉഷയാണ് ആദ്യം രംഗത്തെത്തിയത്.
ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് എംപി പറഞ്ഞത്. കുട്ടി പുഴയില്‍ വീണതാകാനാണ് സാധ്യതയെന്നുള്ള കാര്യമാണ് പ്രേമചന്ദ്രൻ പങ്കുവയ്ക്കുന്നത്. പൊലീസ് നായ പുഴയുടെ സമീപത്താണ് നിന്നതെന്നുള്ള വസ്തുതയും എംപി ചൂണ്ടിക്കാട്ടി.