തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം കൊണ്ട് മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . മാഷിന്റെ കവിതകളുടെ മുഖമുദ്ര ലാളിത്യമാണ്. ഏതു പാമരനും മനസിലാക്കാവുന്ന രീതിയിൽ എഴുതുകയും, ജീവിത സ്പർശിയായ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത മറ്റൊരു കവി മലയാളത്തിലില്ല. മലയാളത്തിന് അർഹമായ സ്ഥാനവും അംഗീകാരവും ലഭിക്കാതെ പോയതിൽ മാഷ് വ്യസനിച്ചിരുന്നു . മാഷിന്റെ ദുഃഖം പരിഗണിച്ചാണ് എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. പി.എസ്.സി പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റാൻ തയ്യാറായതും മാഷിന്റെ സ്മരണയ്ക്ക് മുന്നിൽ സമർപ്പിക്കാവുന്ന ആദരാഞ്ജലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. . ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ നിർവഹിച്ചു.
