കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് മൊഴി നൽകി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കുന്നതിനായാണ് ഇവര്‍ ഷാജുവിനെ കൊല്ലാൻ തീരുമാനിച്ചത്. ഷാജുവും ജോളിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം.
ജോണ്‍സണുമായി വിവാഹം കഴിക്കാൻ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നല്‍കി. അതേസമയം ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സൻ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഈ വിവരങ്ങള്‍ ലഭിച്ചത്. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോണ്‍സണ്‍ നേരത്തെ പൊലീസിനെ അറിയിച്ചത്.
തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മൊഴികള്‍ ശരി വയ്ക്കുന്നതായിരുന്നു ജോളിയുടെ പുതിയ മൊഴി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.