തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇന്നു രാവിലെ 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകളാണ് റദ്ദാക്കിയത്.
അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്. അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ന് പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ആലോചിക്കുന്നത്. ഇന്നലെ 606 സര്‍വീസുകളാണ് റദ്ദാക്കിയത്.