തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമായത്.
കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം എം സി റോഡിലും പരിസരത്തും സംഘര്‍ഷാവസ്ഥയായിരുന്നു. സര്‍ക്കാരിനും പൊലീസിനും എതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അക്രമാസക്തമായ സമരത്തെ നേരിടാന്‍ പലതവണ പൊലീസ് ലാത്തി വീശി. പരിക്കേറ്റ് റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.