തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ നിയമ വിരുദ്ധമായി ഇടപെട്ട് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടി തെറ്റാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തോറ്റ വിദ്യാര്‍ത്ഥിക്കായി നിയമത്തെ മറികടന്ന് ഉത്തരക്കടലാസ് വീണ്ടും പുനപരിശോധന നടത്താന്‍ ഉത്തരവിടുകയും, വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുകയും ചെയ്ത നടപടി തെറ്റാണ്. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിയമ വിരുദ്ധമായി വീണ്ടും പുനപരിശോധിക്കാന്‍ സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. വിവാദമായ സാഹചര്യത്തില്‍ സര്‍വ്വകലാശാല ഈ ഉത്തരവിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ വിവാദം ഇവിടെ അവസാനിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനുള്ള അന്തസ്സും വിശ്വാസ്യതയും തകരാന്‍ താന്‍ സമ്മതിക്കില്ലെന്നും ആരിഫ് മുഹമ്മദ് അറിയിച്ചു.