ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. തീയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വരും.
ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാന്‍ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസ്സാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തില്‍ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.
സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 579033 പുതിയ വോട്ടര്‍മാരുണ്ട്. 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കും.