കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക..
വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷൻറെ ഉത്ഘാടനവും ഇതോടുകൂടി നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക.
ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും. നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.
5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയും രണ്ടാം ഘട്ടത്തില്‍ മഹാരാജാസ് കോളേജ് വരെയുമാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് മുതല്‍ ആലുവ മുതല്‍ തൈക്കൂടം വരെ മെട്രോയില്‍ സഞ്ചരിക്കാം.
