കണ്ണൂര്‍: സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ല. അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും പിണറായി നേമത്തെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസമായി പ്രചാരണത്തിന് ധര്‍മ്മടത്ത് ആവേശകരമായ പ്രതികരണം കിട്ടി. ജനക്ഷേമ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുന്നു. എല്ലാ യോഗങ്ങളിലും വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടായി.
ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ ആശങ്കയിലാക്കി. അതിനാലാണ് കൃത്രിമ പ്രതീകങ്ങള്‍ സൃഷ്ടിച്ച് ചര്‍ച്ച മാറ്റാന്‍ ശ്രമിക്കുന്നത്. നേമത്തെ മത്സരമാണ് ബിജെപിക്കെതിരായ തങ്ങളുടെ തുറുപ്പ് ചീട്ടെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. ആദ്യം മുന്‍ തെരഞ്ഞെടുപ്പില്‍ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് പറയണം. അതെങ്ങോട്ട് പോയി? അത് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കണം. അത് മുഴുവന്‍ തിരിച്ചുപിടിച്ചാലേ കഴിഞ്ഞ തവണ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്ത് എങ്കിലും എത്താനാവും.
കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നു. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്-ബിജെപി-യുഡിഎഫ് തമ്മില്‍ കൂട്ടുകെട്ട് ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ കുറേ കാലത്തെ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകും. ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷിയുടെ നേതാക്കള്‍ അത് വൈകീട്ട് ആരോപിക്കും. ഇത് നാട് തന്നെ ശ്രദ്ധിച്ച കാര്യമാണ്. കേരളത്തില്‍ നടന്ന പ്രധാന കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ഇരു കൂട്ടരും പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നതില്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന പ്രതീതിയുണ്ടാക്കാന്‍ പിഎസ്സിക്കെതിരെ കടുത്ത ആക്രമണം ഈ വിഭാഗം അഴിച്ചുവിട്ടു.
കേരള ചരിത്രത്തിലെ നിയമന ഉത്തരവ് നല്‍കുന്നതില്‍ പിഎസ്സി റെക്കോര്‍ഡ് സൃഷ്ടിച്ചു. 158000 പേര്‍ക്ക് പിഎസ് സി നിയമന ഉത്തരവ് നല്‍കി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. അത്തരം നേട്ടം പിഎസ്സി ഉണ്ടാക്കിയപ്പോള്‍ ഇവര്‍ അഭിനന്ദിക്കുന്നതിന് പകരം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
കൊവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത് കൊടുത്തിട്ടുണ്ടോ? കാര്യങ്ങളെ വക്രീകരിക്കാനാണ് ശ്രമം. ഇതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും നേതാക്കള്‍ ചെയ്യുന്നത്. സംസ്ഥാനത്തായാലും രാജ്യത്തായാലും വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാടെടുക്കണം. അത് ജനം കൃത്യമായി വിലയിരുത്തുന്നുണ്ട്. മതനിരപേക്ഷതയുടെ സംരക്ഷണം, അതിന്റെ അടിസ്ഥാനം വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.