കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു യോഗിയുടെ പ്രസംഗം. കോരളത്തില്‍ മാറിമാറി വന്ന സിപിഎം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമ്പോള്‍ കേരളത്തില്‍ അര്‍ഹരായവര്‍ക്ക് പോലും നീതി നിഷേധിക്കുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
ജനങ്ങളുടെ വികാരം വച്ചാണ് ഇരുമുന്നണികളും കളിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് എതിര് നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്രം ഇതിന് ഉദഹരണമാണെന്നും അദേഹം പറഞ്ഞു.