തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരമെന്ന് കോടതി വിലയിരുത്തി. രണ്ട് എംഎല്‍എമാരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളുടെ അഭാവത്തിലായിരുന്നു യോഗം ചേര്‍ന്നത്. അഞ്ച് മിനിട്ട് മാത്രം നീണ്ടു നിന്ന തെരഞ്ഞെടുപ്പില്‍ 437 പേരില്‍ 325 പേരും പങ്കെടുത്തു. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നുവെന്നുള്ള സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെ ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച് പി ജെ ജോസഫ് രംഗത്തുവന്നിരുന്നു. ജോസ് കെ മാണി തല്‍സ്ഥാനത്ത് തുടരില്ലെന്നും അതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ജോസഫ് വിഭാഗം തുടര്‍ നടപടികള്‍ സ്വീകരിച്ചത്.
കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്.