തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില്‍ ഉള്‍പ്പെട്ട ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ റിമാന്റ് പ്രതികളാണ് ഇവര്‍. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് ഇവരെ കാണാതാവുന്ന വിവരം അറിയുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകള്‍ ജയില്‍ ചാടുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വൈകുന്നേരത്തെ റോള്‍ കോള്‍ സമയത്താണ് ഇവര്‍ ജയില്‍ ചാടിയ വിവരം അറിഞ്ഞത്. സഹതടവുകാര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ജയിലിനോട് ചേര്‍ന്ന മുരിങ്ങ മരത്തില്‍ കയറി തടവുകാരികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മതില്‍ ചാടി ഇരുവരും ഓട്ടോയില്‍ കയറി പോവുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇവരെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. നീണ്ട നാളത്തെ ആസൂത്രണത്തിന് ശേഷമായിരിക്കാം ജയില്‍ചാട്ടം നടന്നിരിക്കുക എന്നതാണ് പോലീസ് നിഗമനം. എന്നാല്‍ പ്രവേശന കവാടം വഴിയൊ മറ്റേതെങ്കിലും വഴിയൊ രക്ഷപ്പെട്ടതിന്റെ അടയാളങ്ങളും കണ്ടെത്താന്‍ ഇതുവരെയും ആയിട്ടില്ല. എത്രയും വേഗം ഇവരെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
വിവരം അറിഞ്ഞയുടന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. സിസി.ടി.വി ക്യാമറകളുടെ പരിശോധനയുള്‍പ്പെടെ നടത്തി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും.
ജയില്‍ ചാടുന്നതിന് മുമ്പായി ശില്‍പ തന്റെ സഹായിയെ ജയിലില്‍ നിന്ന് വിളിച്ചിരുന്നു. ജയിലിലെ ഒരു രൂപ കോയിനിട്ട് വിളിക്കാവുന്ന ഫോണില്‍ നിന്നാണ് ഇവര്‍ ഇയാളുമായി ബന്ധപ്പെടുന്നത്. അടുക്കളത്തോട്ടത്തില്‍ മുരിങ്ങ മരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മതിലിന് ഉയരം കുറവാണെന്ന വിവരം ഇവര്‍ക്ക് കിട്ടിയത് ഇയാളില്‍ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ഇയാളെപ്പറ്റി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ തടവുകാരികള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല.
പാങ്ങോട് സ്വദേശിയായ ശില്‍പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ സന്ധ്യ വര്‍ക്കല സ്വദേശിയാണ്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാവണം ഇവര്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നാണ് ജയിലധികൃതരും പൊലീസും സംശയിക്കുന്നത്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ഇതും ഇവരെ തടവ് ചാട്ടമെന്ന തീരുമാനത്തിലേക്ക് നയിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ജാമ്യമെടുക്കാന്‍ പണമില്ലെന്നും ജയില്‍ ചാടാതെ മറ്റ് വഴിയില്ലെന്നും ഇവര്‍ സഹതടവുകാരിയോട് പറഞ്ഞിരുന്നു.