തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും.
നാല് പാപ്പാന്‍മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ക്ഷേത്ര പരിസരത്ത് വാഹനത്തില്‍ എത്തിച്ച ശേഷമായിരിക്കും എഴുന്നള്ളിപ്പിന് ഒരുക്കുക. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ഉപയോഗിക്കാവു. ഒമ്പതര മുതല്‍ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാന്‍ അനുമതി ഉള്ളു എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആനയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇന്നു നടന്ന വൈദ്യപരിശോധനയില്‍ രാമചന്ദ്രന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആനയുടെ കാര്യത്തില്‍ ഇടപെടാനില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ ഹൈക്കോടതി ഇതില്‍ കലക്ടര്‍ അടങ്ങിയ സമിതി തീരുമാനിക്കട്ടെ എന്നും പറഞ്ഞിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമയും അറിയിച്ചിരുന്നു.