തൃശൂര്‍ : നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെ തൃശര്‍പൂരത്തിന് ഔദ്യോഗിക തുടക്കമായി. കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങിലെ എഴുന്നള്ളത്തിനെത്തിച്ചത്.
നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. പൂര പ്രേമികളും ആനപ്രേമികളുമായി മുന്‍പെങ്ങുമില്ലാത്ത വിധം വലിയൊരു ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തി. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോള്‍ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി.
കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയില്‍ ഇത്തവണയുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാല്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസന്‍ എന്ന ആന തേക്കിന്‍കാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാല്‍ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാക്കരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കിടെയാണ് ചടങ്ങുകള്‍ നടന്നത്. ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയില്‍ കൂടിയാണ് രാമചന്ദ്രന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.
രാമചന്ദ്രനെ എഴുപന്നള്ളിക്കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോടെ ജില്ലാ കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു. രാമചന്ദ്രനെ കാണാന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, സുരക്ഷ ഒരുക്കാന്‍ പൊലീസും വളരെ ബുദ്ധിമുട്ടി. മന്ത്രി വി എസ് സുനില്‍കുമാര്‍, ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥര്‍ തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി സ്ഥലത്തുണ്ടായിരുന്നു.