തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള കോലാഹലം മുറുകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.
മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു. ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.
തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മന്ത്രി വി എസ് സുനില്‍കുമാര്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.
അതേസമയം, തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സാങ്കേതികന്യായങ്ങള്‍ പറഞ്ഞ് പൂരത്തിന്റെ ശോഭ കെടുത്താന്‍ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലങ്ങളായി തൃശ്ശൂര്‍ പൂരത്തിനെതിരെ നടക്കുന്ന ചില കളികളുടെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ആന ഉടമകളുടെ സംഘടന. പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയില്‍ ആന ഒരിക്കല്‍ പോലും ആക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിന്‍ബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് ഒരു ഡോക്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.
പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയത്.