ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും.
മോദിയ്‌ക്കെതിരെ പരാതി നല്‍കി രണ്ട് ആഴ്ച്ചക്ക് ശേഷമാണ് പരിഗണിയ്ക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന റാലിയില്‍ പുല്‍വാമ രക്ഷസാക്ഷികളുടെയും ബാലാകോട്ട് മിന്നലാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് കക്ഷികള്‍ പരാതി നല്‍കി. തമിഴ്‌നാട്ടില്‍ ശബരിമല വിഷയം ഉന്നയിച്ചതിനെതിരെ സിപിഎമ്മും മോദിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
11 പരാതികളാണ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. ചൗക്കീദാര്‍ ചോര്‍ഹെ പ്രയോഗം, അനില്‍ അംബാനിയ്‌ക്കെതിരെയുള്ള ആരോപണം തുടങ്ങിയവയാണ് രാഹുലിനെതിരെയുള്ള പരാതികളിലേറെയും. ചൗക്കിദാര്‍ ചോര്‍ഹെ പ്രസ്താവന സുപ്രീം കോടതി പരിഗണിയ്ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയുണ്ടായേക്കില്ല. സൈനികരുടെ പേരില്‍ വോട്ടു തേടിയതാണ് അമിത് ഷായ്‌ക്കെതിരെയുള്ള കേസ്.