കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
ഇരുപത് മണിക്കൂറിനിപ്പുറമാണ് ദേവനന്ദയുടെ തിരോധാനത്തിന് മറുപടി ലഭിച്ചത്. രാവിലെ 7.30 ഓടെ മൃതശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ പൊന്തുക യായിരുന്നു. പൊലീസിന്‍റെ മുങ്ങല്‍ വിദഗ്ധര്‍ 15 മിനിറ്റ് കൊണ്ട് മൃതശരീരം കരയ്ക്കെത്തിച്ചു. 9 മണിക്ക് ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടി ഒരു മണിക്കൂര്‍ നീണ്ട് നിന്നു.
മുങ്ങിമരണമെന്നായിരുന്നു ഇന്‍ക്വസ്റ്റിലെയും പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവോ ചതവുകളോ, ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ ഇല്ല . 11.30ഓടെ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ഇന്നലെ രാവിലെയാണ് ഇളവൂര്‍ സ്വദേശികളായ പ്രദീപ്, ധന്യ ദമ്പതി കളു ടെ മകള്‍ ദേവനന്ദയെ കാണാതായത്.